തിരൂർ: പൊൻമുണ്ടം പഞ്ചായത്തിലെ ചിലവിൽ ഗ്രാമത്തിൽ ടിപ്പു സുൽത്താൻ നിർമിച്ചതെന്നുകരുതുന്ന പുരാതന കോട്ടയുടെ കൊത്തളങ്ങൾ കണ്ടെത്തിയതായി ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് അറിയിച്ചു. കേരളത്തിലെ തകർന്ന ക്ഷേത്രങ്ങളുടെ ചരിത്രപഠനത്തിന്റെ ഭാഗമായി ചിലവിൽ മഹാദേവക്ഷേത്ര ഭൂമിയിൽ നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ സഹായത്തോടെയാണ് കാടുമൂടിയനിലയിൽ കൊത്തളങ്ങൾ കണ്ടെത്തിയത്.
പാലക്കാട്ടെ ടിപ്പു സുൽത്താൻ കോട്ടയിലെ കൊത്തളങ്ങൾക്കു സമാനമായ കോട്ട കൊത്തളമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കൊത്തളത്തിനും പതിനഞ്ചടി ഉയരവും ഏതാണ്ട് മുപ്പതുകോൽ ചുറ്റളവുമുണ്ട്. പഴയകാലത്ത് ആനപ്പള്ള മതിലുള്ള ക്ഷേത്രമായിരുന്നു ചിലവിൽ മഹാദേവക്ഷേത്രം. അക്കാലത്തുണ്ടായിരുന്ന മതിലിന്റെ നാല് മൂലകളിലുമായി ചെങ്കല്ലിൽ നിർമിച്ചതാണ് കൊത്തളങ്ങൾ.
രണ്ടെണ്ണം പൂർണമായും തകർന്നു. പാലക്കാട്ട് ടിപ്പു സുൽത്താൻ നിർമിച്ച കോട്ടയിൽ പീരങ്കികൾ സ്ഥാപിക്കാനും സൈന്യത്തിന് ഒളിഞ്ഞുനിന്ന് യുദ്ധം ചെയ്യാനും നിർമിച്ച കൊത്തളങ്ങളിലെ രൂപകല്പനയാണ് ചിലവിൽ കോട്ടകൊത്തളങ്ങൾക്കുമുള്ളതെന്ന് ദിനേശ് പറഞ്ഞു. മഹാദേവക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊത്തളങ്ങൾ സംരക്ഷിത സ്‌മാരകമാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്‌ടർക്ക് കത്തെഴുതുമെന്നും തിരൂർ ദിനേശ് പറഞ്ഞു

