കൊച്ചി: ഇൻഫോപാർക്കിന് സമീപം ഫ്ളാറ്റിൽ മൃതദേഹം തുണിയിൽ കെട്ടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. മരിച്ചത് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സജീവിന്റെ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്


എടച്ചിറ സോണിയാ ഫ്ളാറ്റിലെ എഫ് 16-ൽ ആണ് കൊലപാതകം നടന്നത്. അഞ്ചുപേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവർ ആരും സ്ഥലത്തില്ലായിരുന്നു. രണ്ട് ദിവസമായി സജീവ് കൃഷ്ണയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് കെയർ ടേക്കറുടെ സഹായത്തോടെ മറ്റൊരു താക്കോലെടുത്ത് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


മറ്റുള്ളവർ സ്ഥലത്തില്ലാത്ത സമയത്ത് ഇവരുടെ വേറൊരു സുഹൃത്തായ അർഷാദ് ഇങ്ങോട്ട് താമസം മാറ്റിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ബെഡ്ഷീറ്റിലും തുണിയിലും പൊതിഞ്ഞ് അനാവശ്യ സാധനങ്ങൾ താഴേക്കിടുന്ന വലിയ പൈപ്പിനുള്ളിലേക്ക് മറിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. സജീവിന്റെ ഫോൺ സംഭവ സ്ഥലത്ത് നിന്നും കാണാതായിട്ടുണ്ട്. ഇത് അർഷാദിന്റെ കൈയ്യിലായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.


ഫ്ളാറ്റിൽ നിന്ന് സ്ഥിരമായി മദ്യപാനവും മറ്റും നടക്കുന്നതിനാൽ ഇവരോട് റൂം മാറാൻ ആവശ്യപ്പെട്ടിരുന്നതായി ഫ്ളാറ്റ് ഉടമ പറഞ്ഞു. കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണ് ഫ്ളാറ്റ്.

Previous Post Next Post

Whatsapp news grup