തിരൂർ : കളിച്ചുനടന്ന മുറ്റത്ത് കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി അമനും റിയയും അന്ത്യയാത്രയായി. ശനിയാഴ്‌ച വൈകീട്ട്, ഇവർ കളിക്കാനായി പോയി വീടിനു സമീപത്തെ കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. തൃക്കണ്ടിയൂരിലെ പഴയ റെയിൽവേ ക്യാബിന് സമീപത്തെ പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റഹിയാനത്ത് ദമ്പതിമാരുടെ മകൾ ഫാത്തിമ റിയ (മൂന്നര), ബന്ധുവായ പരന്നേക്കാട് കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്‌ല ദമ്പതിമാരുടെ മകൻ അമൻ സെയ്ൻ (3) എന്നിവർക്കായിരുന്നു ദാരുണാന്ത്യം. 

തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപമുള്ള പെരിങ്കൊല്ലൻ കുളത്തിൽ വീണാണ് കുട്ടികൾ മരിച്ചത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഞായറാഴ്‌ച രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് അമൻ സെയ്‍നിന്റെ മൃതദേഹം തൃക്കണ്ടിയൂർ അങ്കണവാടിക്കുമുന്നിൽ പൊതുദർശനത്തിനുവെച്ചു. ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.


ജനപ്രതിനിധികൾ, അങ്കണവാടിയിലെ കുട്ടികളുടെ രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ എന്നിവർ എത്തിയിരുന്നു. മൃതദേഹം പരന്നേക്കാട് കാവുങ്ങപറമ്പിൽ വീട്ടിലും പൊതു ദർശനത്തിനുവെച്ചു. ഫാത്തിമ റിയയുടെ മൃതദേഹം വീടിനുമുന്നിൽ പൊതുദർശനത്തിനുവെച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്താണ് ഖബറടക്കിയത്. 


Previous Post Next Post

Whatsapp news grup