വൈലത്തൂര്‍: വൈലത്തൂര്‍ കോട്ടക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ഹെല്‍ത്ത് ക്ലിനിക്കില്‍നിന്ന് 30,000 രൂപയും തൊട്ടടുത്തുള്ള ഡോക്ടര്‍ ജാസ്മിന്‍ ദന്താശുപത്രിയില്‍നിന്ന് 7,000 രൂപയും മോഷണം പോയി. വ്യാഴാഴ്ച പുലര്‍ച്ച 2.30 സമയത്താണ് മോഷണം നടന്നത്
കൂടാതെ സമീപത്തുള്ള ഒരു തുണിക്കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയിലാണ്. കുറ്റിപ്പാലയിലും സമാനമായ മോഷണ ശ്രമം നടന്നിട്ടുണ്ട്. ബൈക്കില്‍ എത്തിയ യുവാവ് മുഖം മറച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശത്ത് വിവിധ ഇടങ്ങളില്‍ മോഷണശ്രമങ്ങള്‍ നടന്നിരുന്നു. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കുറ്റിപ്പാലയിലെ യൂനിയന്‍ സ്റ്റീല്‍സിലും താനൂര്‍ റോഡില്‍ അത്താണിക്കലിലുള്ള കോട്ടക്കല്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ എ.ടി.എമ്മിലുമാണ് മോഷണ ശ്രമം നടന്നത്.
മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ പൊലീസിന് സാധിക്കാത്തത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കുന്നുണ്ട്.
രാത്രിയില്‍ ഈ പ്രദേശങ്ങളില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കി ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.