പാലക്കാട്: യുടൂബറും ഇൻസ്റ്റാഗ്രാമിൽ സ്ഥിര സാന്നിധ്യവുമായിരുന്ന വിക്കി തഗ് എന്ന വിഘ്‌നേഷ് മയക്കുമരുന്നുമായി പിടിയിലായി. മാവേലിക്കര സ്വദേശിയാണ് ഇയാൾ. പാലക്കാട് ഐ.ബി ഇൻസ്പെക്ടർ നൗഫലും സംഘവും നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസയിൽ വച്ച് വിഘ്‌നേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു. എന്നാൽ ഇവർ കാർ നിർത്താതെ എക്സൈസ് സംഘത്തെ വെട്ടിച്ചു ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകർത്തു മുന്നോട്ട് പോയി.
വിവരമറിഞ്ഞ റെയിഞ്ച് ഇൻസ്‌പെക്ടർ നിഷാന്തും സംഘവും ചന്ദ്രനഗർ ഭാഗത്തെ സിഗ്നലിൽ വച്ച് ഇവരെ ബ്ലോക്ക് ചെയ്ത് പിടികൂടി. കാർ പരിശോധിച്ചതിൽ 20 ഗ്രാം മെത്താംഫിറ്റമിനും, റിവോൾവറും വെട്ടുകത്തിയും കണ്ടെടുത്തു. കാറിലുണ്ടായിരുന്ന കൃഷ്ണപുരം സ്വദേശി വിനീതും വിഘ്‌നേഷിനോപ്പം അറസ്റ്റിൽ ആയിട്ടൂണ്ട്. ഇവർ രണ്ടുപേരും ചേർന്ന് ബാംഗളൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി വരികെയായിരുന്നെന്നാണ് പ്രാഥമിക വിവരം. പിടിയിലാകുമ്പോഴും മയക്കുമരുന്ന് ലഹരിയിൽ ആയിരുന്നു വിഘ്‌നേഷ്.
ഇൻസ്റ്റാഗ്രാമിൽ മദ്യവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന റീലുകൾ പബ്ലിഷ് ചെയ്യുന്ന പ്രൊഫൈലുകൾ എക്സൈസ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആണ്. യുവതലമുറയെ മയക്കുമരുന്നിന്റെ കെണിയിലേക്ക് തള്ളിയിടുന്ന ഇത്തരക്കാർക്കെതിരെ കർശനമായ നടപടി ഉണ്ടാകും.
പാലക്കാട് IB യിലെ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ആർ എസ്, സുനിൽകുമാർ, വിശ്വകുമാർ, റേഞ്ച് ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർമാരായ ഷിബു, രജീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്, ബിജുലാൽ, രമേശ്, നൗഫൽ, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രേണുകദേവി, സ്മിത എന്നിവരും കേസ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.