തിരൂർ: പുറത്തൂർ ഭാരതപ്പുഴയിൽ ഇന്നലെ വൈകീട്ട് തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ രാവിലെ 7:30 ഓടെ ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരണം നാലായി. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55),കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ ആണ് കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. അപകട സ്ഥലത്തിൻ്റെ പരിസരത്ത് നിന്നു തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇന്നലെ ഉച്ചയോടെ കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘം കക്കയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ തോണി താഴുകയും ആറ് പേരും ഒഴുക്കിൽപെടുകയുമായിരുന്നു.
ഇന്നലെ നാല് പേരെ കണ്ടെത്തിയെങ്കിലും രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും.