വൈലത്തൂർ: ടൗണിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വ്യാപാരികൾ നിരാഹാരസമരം നടത്തി. നിരന്തരം ഗതാഗതക്കുരുക്കനുഭവപ്പെടുന്ന വൈലത്തൂർ ടൗണിൽ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി റോഡിന്റെ ഇരുവശവും കീറിയതോടെ പ്രശ്നം രൂക്ഷമായി. കാൽനടപോലും ദുസ്സഹമാണ്. പൊടി കാരണം വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങൾ നശിക്കുന്നു.
ഈ സാഹചര്യത്തിലാണ് വ്യാഴാഴ്‌ച കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈലത്തൂർ യൂണിറ്റ് വൈലത്തൂർ ടൗണിൽ സത്യാഗ്രഹം സംഘടിപ്പിച്ചത്. പന്നിക്കണ്ടത്തിൽ അഷ്‌റഫ്, പി.കെ. ഷമീം, ഇ.പി. മുജീബ്, പി.പി. ഇബ്രാഹിംകുട്ടി, മുജീബ് സാരിഫ്, പി.എം. മുത്തു, സിദ്ദീഖ് ഏഷ്യൻ, എം. അസ്‌ലം, ഗഫൂർ ആസ്താന, സിംല ഫിറോസ് എന്നിവർ നിരാഹാര സമരത്തിൽ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനംചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ നാരങ്ങനീരു നൽകി സമരം അവസാനിപ്പിച്ചു.
