താനൂർ: ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ടർഫ്, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് എന്നിവ നിർമിക്കാൻ ഭരണാനുമതിയായി. 2022 ഡിസംബർ 21ന് ചേർന്ന കായിക യുവജനകാര്യ വിഭാഗം വർക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. 


നടപ്പ് സാമ്പത്തികവർഷത്തിൽ പദ്ധതിക്ക് ആവശ്യമായ നടപടികൾ കായിക യുവജനകാര്യ ഡയറക്ടറുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സ്കൂളിൽ സെവൻസ് സിന്തറ്റിക് ടർഫും മൾട്ടിപർപ്പസ് ഇൻഡോർ കോർട്ടുമാണ് നിർമിക്കുന്നത്. ഇൻഡോർ കോർട്ടിന് 32.70 മീറ്റർ നീളവും19.80 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ എടുത്തുമാറ്റാവുന്ന വിധത്തിൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റും വോളിബോൾ പോസ്റ്റും സ്ഥാപിക്കും. 6 മീറ്റർ ഉയരത്തിൽ ചുറ്റുമതിലും നിർമിക്കും.


സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല. 2.45 കോടി ചെലവിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ ഉദ്ഘാടനവേളയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇൻഡോർ സ്റ്റേഡിയം പ്രഖ്യാപിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ടർഫ് കോർട്ടിന്റെ പ്രഖ്യാപനം നടത്തിയത്. ടെൻഡർ നടപടി പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസിൽനിന്നും അറിയിച്ചു.

Previous Post Next Post

Whatsapp news grup