◼️ മലപ്പുറം ജില്ലയിലടക്കം കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണിത്. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
◼️ ഐക്കരപ്പടി മുജാഹിദ് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന കസാന ഹോട്ടലിൽ മോഷണം. പണം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാന കവാടത്തിനു സമീപമുള്ള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. രണ്ട് സി.സി.ടി.വി. ക്യാമറയും ഷെൽഫും നശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഒരുമണിവരെ ജീവനക്കാരുണ്ടായിരുന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
◼️ ഒതുക്കുങ്ങലിൽ നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. യുവതി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. സ്വാധീനത്തിന് വഴങ്ങി പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി. യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് ക്രൈം 65/ 21 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോട്ടക്കല്‍ സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നല്‍കിയത്. ഈ പരാതിയില്‍ ഐപിസി 377 വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പീഡന പരാതി കൂടാതെ സ്ത്രീധനമായി നല്‍കിയ 44 പവന്‍ സ്വര്‍ണം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍ക്കായി എടുത്തുകൊണ്ടുപോയതായും യുവതി ആരോപിക്കുന്നു. ഇതിനുശേഷവും കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു.
◼️ തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത) എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാല്‍ പോളിങ് സ്‌റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്‌ചയിട്ടുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
◼️ എടക്കരയിൽ പോക്സോ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ എടക്കരയില്‍ അറസ്റ്റില്‍. കുന്നുമ്മല്‍പൊട്ടി തണ്ണിക്കടവ് പുതുപ്പറമ്പില്‍ മുഹമ്മദ് ഫസല്‍ (41), പാലേമാട് അക്കാട്ടില് സാജിര്‍ മോന് (23) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വ്യത്യസ്ത കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
◼️ കുറ്റിപ്പുറത്ത് അരക്കിലോ കഞ്ചാവുമായി ഒരാള്‍ പൊലീസ് പിടിയില്‍. കുറ്റിപ്പുറം എം.എം സ്കൂളിനടുത്തു താമസിക്കുന്ന തോട്ടത്തില്‍ താജുദ്ദീന് (67) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് അരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. കൂടാതെ വീട്ടിലും പരിസര പ്രദേശങ്ങളിലും പ്രശ്നങ്ങളുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ പരാതികളുണ്ടായിരുന്നു. ലഹരിക്കെതിരെ കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതികള്‍ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.
◼️ തവനൂരിൽ പൊലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തവനൂര്‍ അഞ്ചുകള്ളിപ്പറമ്പില് ഹൗസ് ബിജേഷാണ് (37) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. തവനൂരിൽ പൊലീസുകാരന് കൂട്ടുകാരെന്റ വീട്ടിലിരിക്കുമ്പോള്‍ പ്രതി കയര്‍ത്ത് സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് കാര്യമാക്കാതെ പൊലീസുകാരന് തെന്‍റ വീട്ടിലേക്ക് പോയെങ്കിലും പ്രതി പൊലീസുകാരനെ പിന്തുടര്ന്ന് അയാളുടെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടില്‍ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
◼️ വളാഞ്ചേരിയിൽ ഓട്ടോറിക്ഷയില്‍ മദ്യ വില്പന നടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായി. കായംകുളം കീരിക്കാട് രാഹുലിനെയാണ് (26) പിടികൂടിയത്. വളാഞ്ചേരി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഉച്ചയോടെ ആതവനാട് മാട്ടുമ്മല്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
◼️ നിലമ്പൂരിൽ മദ്രസാധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്നു എട്ടുവയസുകാരിക്കും എട്ടുവയസുകാരനും പരിക്ക്. ചാലിയാര്‍ പഞ്ചായത്തിലെ വെട്ടേക്കോട് മദ്രസയില്‍ പഠിക്കുന്ന എട്ടു വയസുകാരിക്കും എട്ടു വയസുകാരനുമാണ് മദ്രസ അധ്യാപകന്റെ മര്‍ദനമേറ്റത്. കുട്ടികളുടെ കാലുകളില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു. ചൂരല്‍ ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
◼️ പെരിന്തല്‍മണ്ണയിൽ നിരവധി മണല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്ന ബീറു ഫൈസല്‍ ആണ് പിടിയിലായത്. 2020 ജൂലൈയില്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അനധികൃതമായി വളപുരം കടവില്‍ നിന്നു മണല്‍, ലോറിയില്‍ കടത്തി കൊണ്ടു പോകുന്നതു തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതിയെ സംഭവസ്ഥലത്ത് വച്ചു അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ഒളിവില്‍ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
◼️ എടപ്പാളിൽ പുഞ്ചക്കോളുകളിലെ മത്സ്യം ലേലംചെയ്ത് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതിവരുത്താൻ നടപടിയാകുന്നു. തൊഴിലാളികൾ ചേർന്ന് രൂപവത്കരിച്ച ട്രസ്റ്റിന്റെയും കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മേൽനോട്ടത്തിലാണ് ലേലംനടത്തുക. അനുമതിയില്ലാതെയും അശാസ്ത്രീയമായും മത്സ്യം പിടിക്കുന്നത് ഇവിടെ ബഹളങ്ങൾക്കു കാരണമായിരുന്നു. ഇതിനു പരിഹാരമാകാനും ട്രസ്റ്റ് ലേലംപിടിച്ച് എല്ലാവരും മത്സ്യംപിടിച്ചു കിട്ടുന്ന വരുമാനം ട്രസ്റ്റിലൂടെ വീതിച്ച് എല്ലാവർക്കും തുല്യവരുമാനം ഉറപ്പാക്കാനുമാണ് തീരുമാനം.
◼️ തിരുനാവായയിൽ ഭാരതപ്പുഴയിൽനിന്ന് കടത്തിയ മണലും മണൽക്കടത്തിനുപയോഗിച്ച തോണികളും പിടിച്ചെടുത്തു. തിരൂർ പോലീസ് സംഘം ബന്തർകടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിൽനിന്നായി എട്ടു തോണികളും കടത്താനായി സൂക്ഷിച്ച മണലുമാണ് പിടിച്ചെടുത്തത്.
◼️ വള്ളിക്കുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. മോങ്ങം വള്ളുവമ്പ്രം കക്കടമ്മൽ ഷിബു (40) ആണ് പിടിയിലായത്. അത്താണിക്കൽ-ഒലിപ്രംകടവ് റോഡിൽ ശോഭന ജങ്ഷനു സമീപമുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുനിന്ന് 25-ാം തീയതി പുലർച്ചെയാണ് കാറിലെത്തിയ രണ്ടുപേർ ചന്ദനമരം മുറിച്ചുകടത്തിയത്.