കോട്ടക്കൽ: വിവിധ കേസുകളിലായി പിടികൂടി സൂക്ഷിച്ചിരുന്ന തൊണ്ടി വാഹനങ്ങൾ പൊളിച്ചു കടത്താൻ ശ്രമിച്ച കേസിൽ കോട്ടക്കലിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ (21), മുരുകൻ (42), വെന്നിയൂർ സിറ്റിസൺ (23), വെന്നിയൂർ കരിമ്പിൽ ഉമ്മത്ത് കളത്തിൽ മുഹമ്മദ് ഷാഫി (44), വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി മാണിത്തൊടിക മുജീബ് റഹ്മാൻ (51) എന്നിവരെയാണ് എസ്.എച്ച്.ഒ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്.
കോഴിച്ചെന പൂക്കിപ്പറമ്പ് കസ്റ്റഡിയിൽ സൂക്ഷിച്ച സാധനങ്ങൾ മോഷ്ടിച്ച് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകളിലായാണ് തൊണ്ടിമുതൽ കടത്തിയിരുന്നത്. ഈ വാഹനങ്ങളുടെ രണ്ട് ഡ്രൈവർമാരും പിടിയിലായി. കോട്ടക്കൽ, തിരൂരങ്ങാടി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് വിൽപന നടത്താനായി പൊളിച്ചു കടത്തിയിരുന്നത്. തൊണ്ടിമുതലും ഗുഡ്സ് ഓട്ടോകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്.ഐ മുരളീധരൻ പിള്ള, എസ്.ഐ സുബ്രഹ്മണ്യൻ, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒ സജുമോൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കി.