പ്ലസ് ടു പരീക്ഷ തിടുക്കത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം . പകുതിയോളം കുട്ടികളെ മാത്രം ഓരോ ദിവസവും ഉച്ചവരെ സ്ക്കൂളിൽ എത്തിയ്ക്കുന്ന രീതിയിൽ മാത്രമാണ് നവംബർ 1 മുതൽ ഇത്രയും നാൾ ക്ലാസുകൾ നടന്നത്. കാൽ ഭാഗത്തോളം ക്ലാസുകൾ പോലും പൂർത്തിയായിട്ടില്ല. ജനുവരി 31 മുതൽ ഇതേ കുട്ടികളുടെ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ്പരീക്ഷ ആരംഭിയ്ക്കുകയാണ് അതിന് ശേഷം അതിൻ്റെ മൂല്യനിർണ്ണയം. കുട്ടികൾക്ക് അധ്യയനം വീണ്ടും കുറയുന്നു.
ഫെബ്രുവരി 20 മുതൽ പ്രാക്റ്റിക്കൽ പരീക്ഷയും തീരുമാനിച്ചിരിയ്ക്കുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ പൊതുവിദ്യാഭ്യാസത്തെ പ്രഹസനമാക്കി മാറ്റാനുള്ള തീരുമാനമാണിത്. ക്രിസ്തുമസ് അവധിക്കാലത്ത് വിക്ടേഴ്സ് ചാനലിൽ പ്ലസ്ടു ക്ലാസുകൾ കൂടുതലായി സംപ്രേഷണം ചെയ്യുന്നു ഡിസംബർ 26 മുതൽ എല്ലാഹയർ സെക്കണ്ടറി സ്ക്കൂളുകളിലും പ്ലസ് ടു വിദ്യാർത്ഥികൾക്കായി എൻ.എസ്.എസ്. ക്യാംപും നടക്കുന്നു. ആർക്ക് വേണ്ടിയാണ് സർക്കാർ ഈ പ്രഹസനം നടത്തുന്നത്.
വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിയ്ക്കണമെങ്കിൽ പ്ലസ്ടു പരീക്ഷകൾ മെയ് ആദ്യവാരത്തിൽ നടത്തണമെന്നും. പ്രായോഗിക പരീക്ഷകൾ കഴിഞ്ഞ വർഷത്തെ പോലെ തിയറി പരീക്ഷകൾക്ക് ശേഷം നടത്തണമെന്നും എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ നാസിർ എ.പി ഉദ്ഘാടനം ചെയ്തു, ജില്ല പ്രസിഡണ്ട് ഡോ.അജിത്കുമാർ. സി അധ്യക്ഷത വഹിച്ചു, മനോജ് ജോസ്, അൻവർ കെ, സുബൈർ, യു.ടി അബൂബക്കർ, പി. ഇഫ്ത്തി ഖാറുദ്ദീൻ, രഞ്ജിത് വി.കെ, ഡോ. പ്രവീൺ എ.സി, ഷറീന, രജനി ,ബിന്ദു.പി .സുഭാഷ്, ഉണ്ണികൃഷ്ണൻ, ജോൺസൺ വി.പി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.