തിരൂരങ്ങാടി: റോഡ് നനക്കാനായി കൊണ്ടുവന്ന പമ്ബ് സെറ്റ് മോഷണം പോയി ദിവസങ്ങള്‍ക്ക് ശേഷം കുറ്റിക്കാട്ടില്‍ കണ്ടെത്തി. വെഞ്ചാലി-കണ്ണാടിതടം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ മുഹ്സിന് റോഡ് നനക്കാന്‍ കൊണ്ടുവന്ന പമ്ബ് സെറ്റ് റോഡരികില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടതായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സ്ഥലത്തുനിന്ന് ഇത് നഷ്ടപ്പെടുകയായിരുന്നു. അന്നു തന്നെ തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി പല സി.സി.ടി.വികളും പരിശോധിച്ചു. ഒരു സി.സി.ടി.വിയില്‍ പമ്ബ് സെറ്റ് കൊണ്ടുപോകുന്ന വ്യക്തമല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വിഡിയോയിലെ രണ്ടുപേരെ കണ്ടെത്താന്‍ ശ്രമം നടത്തി.
അതിനിടയിലാണ് പമ്ബ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷന് പി.ആര്.ഒ സി. അനില്‍ കുമാര്‍, സി.പി.ഒമാരായ ലക്ഷ്മണന്, നിഖില്‍ കൃഷ്ണ എന്നിവര്‍ സ്ഥലത്തെത്തി പാടത്തിന്റെ അരികിലുള്ള കുറ്റിക്കാട്ടില്‍നിന്ന് പമ്ബ് സെറ്റ് പുറത്തെടുത്തു. പമ്ബ് സെറ്റ് കിട്ടിയെങ്കിലും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്ന് സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന് പറഞ്ഞു.