തവനൂർ: മഹിളാമന്ദിരത്തിന്റെ തിരുമുറ്റത്തൊരുക്കിയ കതിർമണ്ഡപത്തിൽ പ്രസീതയ്ക്ക് മനംപോലെ മംഗല്യം. തനിച്ചുജീവിച്ച നാളുകളെ ഓർമകളിലേക്കൊതുക്കി പ്രസീത പുതുജീവിതത്തിലേക്കു പ്രവേശിച്ചു. മന്ത്രിയും എം.എൽ.എ.യും ചേർന്ന് അവളെ വരന്റെ കൈകളിലേൽപ്പിച്ചപ്പോൾ ആ മംഗളകർമത്തിന് ഒരു നാടുമുഴുവൻ സാക്ഷിയായി.
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്കാണ് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മഹിളാമന്ദിരത്തിൽ കതിർമണ്ഡപമൊരുങ്ങിയത്. ഞായറാഴ്‌ച പുറത്തൂർ മാട്ടുമ്മൽവീട്ടിൽ മഹേഷാണ് പ്രസീതയെ വിവാഹം കഴിച്ച് ജീവിതയാത്രയിൽ ഒപ്പംകൂട്ടിയത്. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.ടി. ജലീൽ എം.എൽ.എ.യും ചേർന്നാണ് പ്രസീതയെ മഹേഷിന്റെ കൈകളിലേൽപ്പിച്ചത്
കാക്കഞ്ചേരിയിൽ ജനിച്ചുവളർന്ന പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സർക്കാർ തണലിലേക്കു മാറേണ്ടിവന്നത്. വലുതായപ്പോൾ ആഫ്റ്റർ കെയർ ഹോമിലേക്കു മാറി. അവിടെനിന്ന് കഴിഞ്ഞമാസമാണ് തവനൂരിലെ മഹിളാമന്ദിരത്തിലെത്തിയത്.
മഹിളാമന്ദിരത്തിൽനിന്ന് സുമംഗലികളാകുന്നവരിൽ പത്താമത്തെയാളാണ് പ്രസീത. ഉദാരമതികളുടെ സഹായത്തോടെ പത്തുപവനോളം ആഭരണങ്ങൾ അണിഞ്ഞാണ് വധു കതിർമണ്ഡപത്തിലെത്തിയത്. വിവാഹസഹായമായി സർക്കാർ നൽകുന്ന ഒരുലക്ഷം രൂപ പ്രസീതയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാന്റെ വകയായിരുന്നു വിവാഹസദ്യ.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ എ.എ. ഷറഫുദ്ദീൻ, ജില്ലാ സാമൂഹികനീതി ഓഫീസർ കെ. കൃഷ്ണമൂർത്തി, മഹിളാമന്ദിരം സൂപ്രണ്ട് എൻ.ടി. സൈനബ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.