താനൂർ: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളുടെയും പരിശോധന നിയോജക മണ്ഡലത്തിലെ 10 തീരഗ്രാമങ്ങളിൽ നടക്കും. ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകളുടെ സഹകരണത്തോടെ 16ന് 8 മുതൽ 5 വരെയാണ് പരിശോധന. പുതിയ കടപ്പുറം കോളനിപ്പടി പടിഞ്ഞാറ്, എടക്കടപ്പുറം ബീച്ച് റോഡ്, ഒസാൻ കടപ്പുറത്ത് ജമാൽ പീടിക, തുറമുഖം 2 ഭാഗങ്ങളിൽ, പണ്ടാര കടപ്പുറത്ത് കെപിസി റോഡ്, നൈനാൻ വളപ്പ്, കോർമൻ കടപ്പുറത്ത് ആൽബസാർ, ഫാറൂഖ് പള്ളി, ഒട്ടുംപുറം തുടങ്ങിയ കേന്ദ്രങ്ങളിലാണ് താനൂരിലെ പരിശോധന.
ഓരോ കേന്ദ്രത്തിലും ഒന്നിലധികം ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. യഥാർഥ മത്സ്യത്തൊഴിലാളികൾക്ക് പെർമിറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 10 വർഷം വരെ കാലപ്പഴക്കമുള്ള എൻജിനുകൾ പരിശോധിക്കുന്നത്. 15 വർഷം വരെ പഴക്കമുള്ള വള്ളങ്ങൾ പരിശോധിച്ച് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം മത്സ്യത്തൊഴിലാളി സംഘടനകളും രംഗത്തുണ്ട്. ഒരു വ്യക്തിക്ക് പരമാവധി 2 എൻജിനുകൾക്കു മാത്രമാണ് പെർമിറ്റ് അനുവദിക്കുക. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ട അവസാന ദിവസവും കഴിഞ്ഞു. ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനവും പൂർത്തിയായി. അപേക്ഷകളിലെ അന്തിമ പരിശോധന ഇന്നു മുതൽ നടക്കും.