താനൂര്‍: മലബാറില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ലഭ്യത ഉള്ള തീരദേശം. 1700 രജിസ്‌ട്രേഡ് യാനങ്ങള്‍ (ബോട്ടുകള്‍). മത്സ്യഫെഡിന്റെ അംഗീകാരമുള്ള പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍. തീരത്തെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ഏകദേശം ഒരുലക്ഷം അനുബന്ധ തൊഴിലാളികള്‍... താനൂര്‍ തീരദേശത്തിന്റെ മഹിമയാണിതെല്ലാം. ഘട്ടം ഘട്ടമായി നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൂടി കഴിയുന്നതോടെ താനൂര്‍ ഹാര്‍ബര്‍ മത്സ്യങ്ങളാല്‍ സമ്ബന്നമായ കടല്‍പോലെ സൗകര്യങ്ങളാല്‍ നിറയുന്നൊരിടമാകും.

55.8 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച താനൂര്‍ ഹാര്‍ബറിന്റെ ഒന്നാംഘട്ട വികസനത്തില്‍ 1350 മീറ്റര്‍ തെക്കേ പുലിമുട്ട്, 700 മീറ്റര്‍ വടക്കേ പുലിമുട്ട്, വലിയ ജെട്ടി, ലേല ഹാള്‍, മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, റിക്ലമേഷന്‍ ബണ്ട്, ഡ്രഡ്ജിംഗ് എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

താനൂര്‍ പുതിയ കടപ്പുറം, തേവര്‍ കടപ്പുറം, ഉണ്ണിയാല്‍, പറവണ്ണ, കൂട്ടായി തുടങ്ങിയ മത്സ്യ ഗ്രാമങ്ങള്‍ക്ക് സഹായകമാകുകയാണ് ഹാര്‍ബര്‍ വികസനം. എം.എല്‍.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാന്റെ വികസന നേട്ടത്തില്‍ പൊന്‍തൂവലായി മാറുകയാണ് ഈ ഹാര്‍ബര്‍. സുരക്ഷയ്ക്കായി തീരദേശ പൊലീസ് സ്റ്റേഷന്‍ ഇതിന്റെ ഭാഗമായി പ്രത്യേകം സ്ഥാപിക്കാന്‍ ഭാവിയില്‍ സാധ്യതയുണ്ട്.

ആധുനിക സംവിധാനങ്ങളോടെയുള്ള മികച്ച ഹാര്‍ബറായി 2022- 23 വര്‍ഷത്തില്‍ താനൂര്‍ ഹാര്‍ബര്‍ മാറുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും. സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

രണ്ടാം ഘട്ട വികസനത്തില്‍ ഒരുങ്ങുന്നത്


ചെറിയ മത്സ്യബന്ധന വള്ളങ്ങള്‍ അടുപ്പിക്കാന്‍ സഹായകമാവുന്ന മൂന്ന് ചെറിയ ജെട്ടികള്‍


പുതിയ ലേലപ്പുര


വല നെയ്ത്ത് കേന്ദ്രം


മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള വലിയ സ്റ്റോര്‍റൂമുകള്‍


ഷോപ്പിംഗ് കോംപ്ലക്സുകള്‍


എന്‍ജിന്‍ വര്‍ക്ക്‌ഷോപ്പുകള്‍


കാന്റീന്‍


ടോയ്ലറ്റ് ബ്ലോക്കുകള്‍


ഡ്രൈവര്‍മാര്‍ക്ക് വിശ്രകേന്ദ്രം


വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം


ക്ലീനിംഗ് സൗകര്യങ്ങള്‍


ഇന്റെര്‍ണല്‍ റോഡുകളുടെ നിര്‍മ്മാണം


ലോഡിംഗ് പാര്‍ക്കിംഗ് ഏരിയകള്‍


ചുറ്റുമതില്‍


മികച്ച ഗേറ്റ് കീപ്പിംഗ് സംവിധാനത്തോടെ ഗേറ്റ് ഹൗസ്


സി.സി.ടി.വി


ഹൈമാസ്റ്റ് ലൈറ്റുകള്‍


വെള്ളം കയറുന്നത് തടയുന്നതിനുള്ള ലാന്‍ഡ് ഡെവലപ്‌മെന്റ് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍


ആധുനിക സംവിധാനങ്ങളോടെ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള വലിയ കോള്‍ഡ് സ്റ്റോറേജ് സംവിധാനം


മത്സ്യലഭ്യത കൂടുമ്ബോള്‍ സൂക്ഷിച്ചുവച്ച്‌ പിന്നീട് നല്ല വിലയ്ക്ക് വില്‍ക്കുവാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുമൂലം സാധിക്കും


താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സമീപത്തുള്ള 8 സെന്റ് ഭൂമിയില്‍ വലിയ കിണര്‍, വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ച്‌ ഹാര്‍ബറിലേക്ക് ശുദ്ധജലം എത്തിക്കും


ഹാര്‍ബറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കുന്നത് ഇവിടെ


Previous Post Next Post

Whatsapp news grup