കുറ്റിപ്പുറം: തട്ടുകടകളിലേക്ക് അസമയത്ത് ചായ കുടിക്കാൻ ഇനി വരേണ്ട. അസമയത്തെത്തുന്ന ചായകുടിക്കാരെ വലയിലാക്കാൻ പോലീസ് രംഗത്തുണ്ട്.
ബുധനാഴ്‌ച രാത്രി കുറ്റിപ്പുറത്ത് തട്ടുകടകളിലേക്ക് ചായ കുടിക്കാനെന്ന പേരിൽ എത്തിയവരുടെ കാറുകളും ബൈക്കുകളുമുൾപ്പെടെ 25 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്
പൊന്നാനി, വെളിയങ്കോട്, തിരൂർ, താനൂർ, കോട്ടയ്ക്കൽ, മലപ്പുറം, പട്ടാമ്പി ഭാഗത്തുള്ളവരുടെ വാഹനങ്ങളാണ് പിടിച്ചത്. കുറ്റിപ്പുറം ടൗണിലും പരിസരത്തും രാത്രിയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നവരും മയക്കുമരുന്ന് വിൽപ്പനക്കാരും തമ്പടിക്കുന്നതും ഇവരെത്തേടി വിവിധയിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നതും അടുത്തകാലത്തായി വർധിച്ചുവരികയാണ്.
ഇതോടൊപ്പം പണം, മൊബൈൽഫോൺ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവ അപഹരിക്കുന്ന സംഘവും ഇവിടെ തമ്പടിക്കാറുണ്ട്
അസമയത്ത് വാഹനത്തിൽ ടൗണിലും പരിസരത്തും കറങ്ങുന്നവരെ പോലീസ് പിടികൂടിയാൽ ഉടൻ ഇവരുടെ മറുപടി ചായകുടിക്കാൻ തട്ടുകട തേടി വന്നതാണെന്നാണ്. പണവും മറ്റും നഷ്ടപ്പെടുന്നവർ പോലീസിൽ പരാതിനൽകാത്തത് ഇത്തരം സംഘങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നു.
ഈ സാഹചര്യത്തിലാണ് സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ആരംഭിച്ചിട്ടുള്ളത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരേ കേസെടുത്ത് കോടതിക്കു കൈമാറുമെന്ന് സി.ഐ. അറിയിച്ചു.
ടൗണിലെ കടകൾ രാത്രി 12 വരെയേ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.