തിരൂർ: തൃപ്രങ്ങോട് ബീരാഞ്ചിറയിൽ യുവതി ഭർതൃഗൃഹത്തിൽ ദൂരുഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആലത്തിയൂർ നടുവിൽ പറമ്പിൽ സുബൈറിന്റെ മകൾ ലബീബ (24) കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർതൃഗൃഹമായ ബീരാഞ്ചിറ ചെറിയ പറപ്പൂരിലെ വീട്ടിൽ വെച്ച് മരണപ്പെട്ടത്.

നാലു മാസം മുമ്പാണ് കൽപറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ഭർതൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടർന്ന് യുവതിയും ആദ്യവിവാഹത്തിലെ 5 വയസുള്ള മകനും ആലത്തിയൂരിലെ വീട്ടിലാണ് താമസം. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ലബീബയെ ഭർത്താവിന്റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയത്.

ഭർതൃവീട്ടിലേക്ക് വിളിച്ചപ്പോൾ പോകാൻ കൂട്ടാക്കാതിരുന്നപ്പോൾ മകനെ കൊണ്ടു പോകുകയും പിന്നീട് മകൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞ് ലബീബയെ വീട്ടിലേക്ക് വരുത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 8 മണിയോടെ ബാത്ത് റൂമിൽ വീണ് പരുക്കേറ്റതായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് ലബീബ മരിച്ചതായാണ് വിവരം ലഭിച്ചത്.

അന്വേഷണത്തിൽ യുവതി ബാത്ത് റൂമിൽ തൂങ്ങി മരിച്ചതായി അറിഞ്ഞു. യുവതിയെ ഭർത്താവും ഭർതൃപിതാവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഇതിനെ തുടർന്നാണ് മരണമെന്നും യുവതിയുടെ മാതാവ് ഫസീല തിരൂർ പൊലീസിൽ മൊഴി നൽകി. ലബീബയെ ഭർതൃ പിതാവ് നിരന്തരം ശല്യം ചെയ്തതായി മകൾ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നു.

ഇതേ തുടർന്നാണ് മകൾ സ്വന്തം വീട്ടിലേക്ക് പോന്നത്. മകളുടെ മരണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്ന് ഫസീലയും ബന്ധുക്കളും തിരുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലബീബയുടെ പിതാവ് സുബൈർ, ഇളയമ്മ സക്കീറാ ഭാനു, മൂത്തമ്മ സൗജത്ത്, മൊയ്തീൻ കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post Next Post

Whatsapp news grup