പരപ്പനങ്ങാടി: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ ദമ്ബതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളായ കെ.പി. നസീര്‍ അഹമ്മദ് (45), ഭാര്യ അസ്മ (40) എന്നിവരാണ് പിടിയിലായത്.
പരപ്പനങ്ങാടി സ്റ്റേഷന്‍ ഓഫിസര്‍ ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളില്‍ 2021 മേയ് മുതല്‍ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വര്‍ണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വര്‍ണ്ണം പണയം നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ഒരു ഗ്രാമിന് 500 രൂപ നിരക്കില്‍ നല്‍കിയാണ് പണയം വെക്കാന്‍ വ്യാജ സ്വര്‍ണ്ണം വാങ്ങിയിരുന്നതത്രെ.
7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പണയം വെച്ച വ്യാജ സ്വര്‍ണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവ പരിശോധക്കായി കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വര്‍ണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാര്‍, സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആല്‍ബിന്‍, അഭിമന്യു, സബറുദ്ദീന്‍, ജിനേഷ്, വിപിന്‍, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.
പടം: മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കടലുണ്ടി നഗരം സ്വദേശികളായ കെ.പി. നസീര്‍ അഹമ്മദ്, ഭാര്യ അസ്മ