പുറത്തൂര്‍: പാലത്തിന്റെ ചുവട്ടില്‍ നീരൊഴുക്ക് അവശേഷിക്കുന്ന ഭാഗത്താണ് മണല്‍ച്ചാക്കുകള്‍ കൊണ്ട് ബണ്ട് കെട്ടുന്നത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെയുള്ള ചോര്‍ച്ച കാരണം കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ അധികൃതര്‍ താല്‍ക്കാലിക ബണ്ടൊരുക്കി തുടങ്ങി.  ചമ്രവട്ടം പദ്ധതിയിലൂടെ വെള്ളം ചോര്‍ന്നൊലിച്ചു പോകുന്നതിനാല്‍ പൊന്നാനി താലൂക്കില്‍ ശുദ്ധജലം വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. ഭാരതപ്പുഴയില്‍നിന്ന് നരിപ്പറമ്ബിലുള്ള ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിച്ചാണ് പൊന്നാനി താലൂക്കിലെ മുഴുവന്‍ ഭാഗത്തേക്കും കുടിവെള്ള വിതരണം നടത്തുന്നത്.

ചമ്രവട്ടത്തുനിന്ന് തിരുനാവായ ഭാഗത്തേക്ക് ഏകദേശം ഒന്നര കീ.മീ വരെ ഉപ്പുവെള്ളം എത്താറുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയായ ചെകുത്താന്‍ കുണ്ടിനെയും ഇത് ബാധിക്കാറുണ്ട്. ഉപ്പുവെള്ളം കലരുന്നത് മൂലം പലപ്പോഴും ഇവിടെ നിന്നും വെള്ളം പമ്ബ് ചെയ്യാറില്ല. ഇത് സമീപ പഞ്ചായത്തുകളായ തൃപ്രങ്ങോട്ടെയും മംഗലത്തെയും കര്‍ഷകരെയാണ് ബാധിക്കുക. 25,000 മണല്‍ ചാക്കുകള്‍ ഉപയോഗിച്ചാണ് ബണ്ട് നിര്‍മാണം. 60 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ ഉയരത്തിലും രണ്ടര മീറ്റര്‍ വീതിയിലുമാണ് ബണ്ട്. 15 ലക്ഷം രൂപയാണ് ബണ്ട് നിര്‍മാണത്തിന് ചെലവഴിക്കുന്നത്. പുഴയില്‍ ലഭ്യമായ വെള്ളം മുഴുവന്‍ ചോര്‍ന്നൊലിച്ചു പോവുകയും കടലില്‍നിന്ന് വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം മറുവശത്തേക്ക് കടന്നുവരികയും ചെയ്യുന്നതിനാലാണ് താല്‍ക്കാലിക സംവിധാനം ജല അതോറിറ്റി ഒരുക്കുന്നത്

2012ലാണ് ചമ്രവട്ടം പദ്ധതി കമീഷന്‍ ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയാണിത്. തിരൂര്‍, പൊന്നാനി താലൂക്കുകളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളമെത്തിക്കാനുമായിരുന്നു റെഗുലേറ്ററിലൂടെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, ചോര്‍ച്ച മൂലം ഒരിക്കല്‍പോലും ഇവിടെ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറെ നാളത്തെ മുറവിളിക്ക് ശേഷം ഈ വര്‍ഷം ചമ്രവട്ടം പാലത്തിന്റെ ചോര്‍ച്ചയടക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൈലിങ് ഷീറ്റുകളുടെ കുറവ് കാരണം ചോര്‍ച്ചയടക്കലും നീളുകയാണ്.

Previous Post Next Post

Whatsapp news grup