പാണ്ടിക്കാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്ത് അര്‍ധനഗ്നമാക്കി പണമാവശ്യപ്പെട്ട കേസില്‍ യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിന്‍ഹാജ് മന്‍സില്‍ മിസ്ബാഹുല്‍ ഹഖിനെയാണ് (21) സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ മോശമാക്കി ചിത്രീകരിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പണവും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സൈബര്‍ സെല്‍ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.പി.ഒമാരായ സന്ദീപ്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
