തിരൂരങ്ങാടി: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദേശീയപാത കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്നയാള്‍ തിരൂരങ്ങാടി പൊലീസ്ന്റെ പിടിയില്‍. നിരവധി കടകളുടെ ഗ്ലാസ് ഡോര്‍ പൊളിച്ച് പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് കക്കോടി സ്വദേശി ജിഷ്ണുവിനെയാണ് (19) തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. പ്രതിക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ടായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്താനാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയിരുന്നത്.
വി.കെ പടി, വെളിമുക്ക്, കരുമ്ബില് എന്നിവിടങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലും നിരവധി കേസില്‍ ഇയാള്‍ പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകളിലെത്തി കടകളില്‍ മോഷണം നടത്തി പിന്നീട് ബൈക്ക് ഉപേക്ഷിച്ച് പോകുകയാണ് പതിവ്. തിരൂരങ്ങാടി കക്കാട് കരുമ്ബിലില് രാത്രി സംശയാസ്പദമായി വാഹനവുമായി കണ്ടപ്പോള്‍ ചോദ്യം ചെയ്തതില്‍നിന്നാണ് കവര്‍ച്ചയെ കുറിച്ച് വിവരം പുറത്തായത്. പൂക്കിപ്പറമ്ബിലെ റെഡിമെയ്ഡ് ഷോപ്പിന്റെ ഗ്ലാസ് പൊട്ടിച്ച് കവര്‍ച്ച നടത്തിയതും വെളിമുക്കിലെ പഴക്കടയിലും കോഴിച്ചെനയിലെയും കോട്ടക്കലിലെയലും രണ്ട് കടകളിലും മോഷണം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ മുഹമ്മദ് റഫീഖ്, ശിവദാസന്‍, രഞ്ജിത്ത്, പ്രബേഷന്‍ എസ്.ഐ ജീഷ്മ, എസ്.സി.പി.ഒ മുരളി, രാകേഷ്, സി.പി.ഒ ജോഷി, വിപിന്‍, ജിനേഷ്, അഭിമന്യു, സബറുദ്ദീന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്തയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഈ കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.