താനൂര്‍: കടലില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിന്റെ തോത് വര്‍ദ്ധിക്കുന്നത് മത്സ്യബന്ധന യാനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടമായി കടലിലേക്ക് ഒഴുകിയെത്തുന്നതാണ് ഭീഷണിയായി മാറുന്നത്. ഇത് മത്സ്യങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും മത്സ്യബന്ധനത്തിനിടെ എഞ്ചിനുകള്‍ക്കുള്ളിലും വലയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നത് അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കുകയാണ്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കരയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ തിരൂര്‍ കൂട്ടായി സ്വദേശിയുടെ ബോട്ടിന്റെ എഞ്ചിനില്‍ മാലിന്യങ്ങള്‍ കുടുങ്ങി ബോട്ട് അപകടത്തില്‍ പെട്ടിരുന്നു. ആഴക്കലിലും പ്രതീക്ഷയോടെ വലയെറിയുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്കാണ് പ്ലാസ്റ്റിക്ക് കുപ്പികളും, മാലിന്യവും യഥേഷ്ടം ലഭിക്കുന്നത് മൂലം വല മുറിയുന്നതുള്‍പ്പെടെ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് കടലില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

മത്സ്യങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വസ്തുക്കള്‍ വിഴുങ്ങുന്നത് മൂലം വംശനാശ ഭീഷണിക്കും ഇടയാക്കുന്നത്. വര്‍ഷങ്ങളായി കടലില്‍ മത്സ്യലഭ്യത കുറയുന്നതിനും ഇത്തരം പാരിസ്ഥിതിക മലിനീകരണം വഴിയൊരുക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഓരോ കടലാക്രമണത്തിലും ലോഡുകണക്കിന് മാലിന്യങ്ങളാണ് കരയിലേക്കെത്തുന്നത്. കടലിലെ മാലിന്യപ്രശ്നം തടയുന്നതിനായി പൊന്നാനി നഗരസഭ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും ഇത് വിജയം കണ്ടില്ല. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കരയിലെത്തിച്ചാല്‍ പാരിതോഷികം നല്‍കുമെന്നാണ് നഗരസഭ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ല. ജലാശയങ്ങളിലൂടെ മാലിന്യങ്ങള്‍ ഒഴുക്കിവിട്ടാല്‍ കടലിലാണ് ഇതിന്റെ ഗുരുതര പ്രത്യാഘാതമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.


Previous Post Next Post

Whatsapp news grup