തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്.


ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.


അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളിലേക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായും എത്തിച്ചേരും.


ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതല്‍ വിദര്‍ഭ വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറന്‍ കാറ്റും മഴയുടെ ശക്തി കൂട്ടും.അടുത്ത രണ്ട് ദിവസം കൂടി വ്യാപക മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.


മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 26-ഓടെ കാലവര്‍ഷം എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്

Previous Post Next Post

Whatsapp news grup