മലപ്പുറം: ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കില്‍ കാറിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു. സഹോദരന് പരിക്കേറ്റു. മോങ്ങം ഒഴുകൂര്‍ കുമളം കാട് മുഹമ്മദിന്റെ മകന്‍ മുഹമ്മ് റാഷിദ് (23) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ഫാസില്‍ (20)നാണ് പരിക്ക്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. മോങ്ങം തടപ്പറമ്പ് ഫുട്ബോള്‍ ടെറസില്‍ കളി കഴിഞ്ഞ് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേശീയ പാതയില്‍ മൊറയൂരിന് സമീപം കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ലോറിയെ മറികടന്ന് കയറിയ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരിച്ച മുഹമ്മദ് റാഷിദ് കുഴിമണ്ണയില്‍ വാവാ സലൂണ്‍ നടത്തുകയാണ്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഒഴുകൂര്‍ പള്ളിമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: ഫാത്തിമ. മറ്റ് സഹോദരങ്ങള്‍: റസാഖ് (റിയാദ്), അഫ്സല്‍, ഷംസുദീന്‍, ബുഷ്റ, റസിയ, ഷറഫുന്നിസ, ഫസീല.