പെരിന്തല്‍മണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയില്‍ ആശുപത്രി മാലിന്യം തള്ളാനെത്തിയ രണ്ടുലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. അമ്മിനിക്കാട് വടക്കേക്കരയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ലോറികളില്‍ ആശുപത്രി മാലിന്യമെത്തിച്ചത്. ഒരുലോഡ് മാലിന്യം തള്ളിയിരുന്നു. രണ്ടാമത്തേത് തള്ളുന്നതിന് മുമ്ബ് പ്രദേശത്തുകാര്‍ അറിഞ്ഞതോടെ സംഘടിച്ച്‌ വാഹനങ്ങള്‍ തടഞ്ഞുവെച്ച്‌ പെരിന്തല്‍മണ്ണ പൊലീസില്‍ വിവരം നല്‍കി. എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.

നാട്ടുകാര്‍ അറിയിച്ചത് പ്രകാരം താഴേക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സോഫിയ, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരും സ്ഥലത്തെത്തി. അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് പിഴ ചുമത്താന്‍ പഞ്ചായത്ത് തീരുമാനിച്ചു.

ഇവിടെ പലപ്പോഴായി 40 ലോഡ് മാലിന്യം തള്ളിയിട്ടുണ്ടെന്നും ഇക്കോ ഫ്രണ്ട്ലി വിനോദകേന്ദ്രമായ പ്രദേശത്തുനിന്നും അവ നീക്കണമെന്നും നാട്ടുകാര്‍ പൊലീസിനോടും ആവശ്യപ്പെട്ടു. മാലിന്യം തള്ളിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം നിറച്ച വാഹനം എന്തുചെയ്യണമെന്ന് രാത്രി ഒമ്ബതിനും ചര്‍ച്ച നടത്തുകയാണ്.

അതേസമയം, ഒരുമാസത്തിനിടെ പലപ്പോഴായി തള്ളിയ മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും അത് നീക്കണമെന്ന കാര്യത്തില്‍ നടപടി വേണമെന്നും പ്രദേശത്തുകാരുടെ ആവശ്യത്തില്‍ തീരുമാനമായില്ല. കൊടികുത്തിമലയില്‍ വിനോദ പരിപാടികളുടെ ഭാഗമായി നിര്‍മാണ വസ്തുക്കള്‍ കൊണ്ടുവരുന്നതിനാല്‍ പലപ്പോഴായി കൊണ്ടുവന്ന മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നിരുന്നില്ല.

വലിയ ടോറസ് ലോറിയില്‍ മുകള്‍ ഭാഗം മൂടിയ നിലയിലായിരുന്നു മാലിന്യം. കോഴിക്കോട്ടെ ആശുപത്രികളില്‍നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാലക്കാട്ട് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നത് ഇടനിലക്കാര്‍ വഴി മലമുകളിലെത്തിയതാണ്. 70 കി.മി യാത്രാചെലവ് ഒഴിവാക്കലായിരുന്നു മുഖ്യ ലക്ഷ്യം.


Previous Post Next Post

Whatsapp news grup