തിരൂർ : രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയത്തിലെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് പരിശീലനത്തിനെത്തിയ വിദ്യാർഥിക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് സംഭവം. കോളേജ് വിദ്യാർഥിയായ സ്വാലിഹിനാണ് പരിക്കേറ്റത്. ആർമി കോച്ചിങ്ങിനെത്തിയതായിരുന്നു സ്വാലിഹ്. സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്കെത്തിയവർ സ്വാലിഹിനെ ആശുപത്രിയിലെത്തിച്ചു.
സ്റ്റേഡിയം കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താനോ നവീകരിക്കാനോ ആരും ശ്രമിക്കുന്നില്ല. വൻതുക മുടക്കി നവീകരിച്ച സ്റ്റേഡിയം വേണ്ടത്ര പരിചരണമില്ലാതെ നശിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിന്തറ്റിക്ക് ട്രാക്കുകൾ അശാസ്ത്രീയമായി ഉപയോഗിച്ചതിനാൽ പൊട്ടിപ്പൊളിഞ്ഞ് നശിച്ചുപോയി. ഇവിടെയെത്തുന്ന കായികതാരങ്ങൾക്ക് കുടിവെള്ളസൗകര്യമോ മൂത്രപ്പുരയോ ഇല്ല. വസ്ത്രങ്ങൾ മാറ്റാൻ ഇടമില്ല. കോൺക്രീറ്റ് സ്ലാബുകൾ പഴകി അപകടനിലയിലാണ്. ഇരുമ്പുഗ്യാലറികൾക്കുള്ളിൽ പുല്ല് നിറഞ്ഞിരിക്കുകയുമാണ്. വേണ്ടത്ര വെളിച്ചവുമില്ല.
നഗരസഭ കഴിഞ്ഞ ബജറ്റിൽ സ്റ്റേഡിയം നവീകരണത്തിന് പണം നീക്കിവെച്ചുവെങ്കിലും തുടർനടപടിയുമുണ്ടായില്ല. വിവിധ കായികമേളകൾ ഇവിടെ നടത്തിവരാറുണ്ട്. കൂടാതെ മിലിട്ടറി സെലക്‌ഷന് പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. പ്രഭാതസവാരിക്കാരും ദിവസേന സ്റ്റേഡിയത്തിലെത്തുന്നുണ്ടെങ്കിലും ഇവിടുത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമമൊന്നും അധികൃതർ കൈക്കൊള്ളുന്നില്ല.