തിരൂർ: തിരൂരിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന മുങ്ങിമരണങ്ങൾ കണ്ണീർപുഴയൊഴുക്കുന്നു. ശനിയാഴ്‌ച തൃക്കണ്ടിയൂരിൽ, കളിക്കാൻ വീട്ടിൽനിന്നിറങ്ങിയ രണ്ടു കുട്ടികളാണ് കുളത്തിൽ മുങ്ങിമരിച്ചത്. അയൽവാസികളായ കുട്ടികളുടെ മരണം നാടിനെയാകെ ഞെട്ടിച്ചു. നിറമരുതൂർ കാളാട് കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചിട്ട് മൂന്നാഴ്‌ച തികയുന്നതേയുള്ളൂ. ഈ മാസം 10-നാണ് പന്ത്രണ്ടുവയസ്സുകാരായ സുഹൃത്തുക്കൾ മരിച്ചത്.
കാളാട് പള്ളിപ്പടി സ്വദേശി വെള്ളിയോട്ടുവളപ്പിൽ സിദ്ദിഖിന്റെയും സാബിറയുടെയും മകൻ അജ്‌ലാൻ സിദ്ദീഖ്, കാളാട് പാലംപറമ്പിൽ അബ്ദുൾഷെരീഫിന്റെയും അസ്‌മയുടെയും മകൻ മുഹമ്മദ് അഷ്‌മിൽ എന്നിവരാണു മരിച്ചത്. കഴിഞ്ഞ മേയ് 31-ന് സൈക്കിൾ സവാരിക്കിടെ കുളത്തിലേക്കുവീണ് തിരൂർ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്പിൽ രാജേഷിന്റെയും റീമയുടെയും മകൻ ആകാശ് (12) മരിച്ചിരുന്നു. വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോകുന്നതിനിടെ ബാലൻസ് തെറ്റി വീടിനുസമീപത്തെ കുളത്തിലേക്ക് സൈക്കിൾ മറിഞ്ഞു വീഴുകയായിരുന്നു.
ദുരന്തങ്ങൾ അടിക്കടിവന്നിട്ടും ഇതു തടയാൻ യാതൊരു ശ്രമവും നടക്കുന്നില്ല. ചുറ്റുമതിലില്ലാതെ റോഡരികിലിപ്പോഴും നിരവധി കുളങ്ങളുണ്ട്. ശനിയാഴ്‌ചത്തെ അപകടമറിഞ്ഞ് കുറുക്കോളി മൊയ്തീൻ എം.എൽ.എ, നഗരസഭാധ്യക്ഷ എ.പി. നസീമ, സി.പി.എം. ഏരിയാസെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ ജില്ലാ ആശുപത്രിയിലെത്തി.