തിരൂർ: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽവീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. തിരൂർ അഗ്നിരക്ഷാ ഓഫീസിനു സമീപം തൃക്കണ്ടിയൂരിലെ പഴയ റെയിൽവേ ക്യാബിന് സമീപം പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റഹിയാനത്ത് ദമ്പതിമാരുടെ മകൾ ഫാത്തിമ റിയ (മൂന്നര), ബന്ധു പരന്നേക്കാട് സ്വദേശി കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്ല ദമ്പതിമാരുടെ മകൻ അമൻ സെയ്ൻ (മൂന്ന്) എന്നിവരാണ് മരിച്ചത്.


ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലൻകുളത്തിൽ  അങ്കണവാടി വിട്ട് തിരിച്ചെത്തിയതായിരുന്നു കുഞ്ഞുങ്ങൾ. ഇവരുടെ വീട്ടിൽനിന്ന് 20 മീറ്റർ അകലെയാണ് കുളം. ഇരുവരുടെയും ചെരിപ്പുകൾ കുളത്തിലേക്കിറങ്ങാനുള്ള വഴിയിലുണ്ടായിരുന്നു. കുട്ടികളെ കാണാത്തതിനാൽ തിരഞ്ഞു പോയപ്പോഴാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നജ്ല പരന്നേക്കാട്ടുനിന്ന് അമൻ സെയ്നുമായി സ്വന്തം വീട്ടിൽ വന്നതായിരുന്നു.


മുഹമ്മദ് ആദിൽ, മുഹമ്മദ് നാജിൽ എന്നിവരാണ് മരിച്ച ഫാത്തിമ റിയയുടെ സഹോദരങ്ങൾ. മൃതദേഹ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രണ്ടാഴ്ചയ്ക്കിടെ സമാനമായ രണ്ടാമത്തെ ദുരന്തമാണ് തിരൂരിലുണ്ടായത്. ഒക്ടോബർ പത്തിന് നിറമരുതൂർ കാളാട് കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.

Previous Post Next Post

Whatsapp news grup