തിരൂർ : ഞായറാഴ്ച വൈകീട്ട് ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയ നേർച്ചയ്ക്ക് വലിയ കൊടിയേറ്റും. ഞായറാഴ്ച രാവിലെ പത്തിന് ബി.പി. അങ്ങാടി മാർക്കറ്റിൽനിന്ന് അരിച്ചാക്കുകളുമായി കഞ്ഞിക്കാരുടെ വരവ് ജാറത്തിലെത്തി കഞ്ഞിവെച്ച് കഞ്ഞിപ്പാർച്ചനടത്തുന്നതോടെ പരിപാടികൾ തുടങ്ങും. നേർച്ച മൂന്നുദിവസം നീണ്ടുനിൽക്കും
ഉച്ചയ്ക്ക് രണ്ടിന് തിരൂർ പോലീസ്‌സ്റ്റേഷനിൽനിന്ന് വാദ്യമേളങ്ങൾക്കുശേഷം ഡി.വൈ.എസ്.പി. വി.വി. ബെന്നി നേർച്ചക്കൊടി ആഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറും. തുടർന്ന് ആനകളുടെ അകമ്പടിയോടെ കൊടിവരവ് ജാറത്തിലേക്ക് പുറപ്പെട്ട് പൂഴിക്കുന്നിൽ പോകും. തിരിച്ച് ജാറത്തിലെത്തി രാത്രി ഏഴോടെ വടക്കേത്തൊടിയിൽ ഹംസയുടെ കുടുംബാംഗങ്ങളും ആഘോഷക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് വലിയ കൊടിയേറ്റും.
നേർച്ച കാലയളവിൽ വിവിധ ദേശങ്ങളിൽനിന്ന് 16 പെട്ടി വരവുകൾ നേർച്ച സ്ഥലത്തെത്തും. അവസാനദിവസം ചാപ്പക്കാരുടെ വരവോടെ കമ്പം കത്തിച്ച് നേർച്ച അവസാനിക്കും. കല്ലിങ്ങൽ സിദ്ദീഖ് ചെയർമാനും കെ.പി. ബാപ്പുട്ടികൺവീനറുമായ നേർച്ച ആഘോഷ കമ്മിറ്റിയാണ് നേർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.