മലപ്പുറം: മലപ്പുറം സി.എച്ച് സെന്ററിന് കീഴില്‍ ജില്ല ആസ്ഥാനത്ത് നിര്‍മിച്ച ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. 17,000 സ്ക്വയര്‍ ഫീറ്റില്‍ കിഴക്കേത്തലയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം നിര്‍മിച്ചത്. കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നല്കിയ 1.3 ഏക്കര്‍ സ്ഥലത്താണ് കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും. ആദ്യഘട്ടം പത്ത് മെഷീനുകളിലായി രണ്ട് ഷിഫ്റ്റില്‍ 20 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യും.
സി.എച്ച് സെന്ററിന് പുതിയ കെട്ടിടമായതോടെ മെഡിക്കല്‍ എയിഡ് സെന്റര്‍, ആംബുലന്‍സ് സര്‍വിസ്, മൊബൈല്‍ ഫ്രീസര്‍, ഓക്സിജന്‍ കോണ്സെന്േട്രറ്റര് എന്നീ സൗകര്യങ്ങള്‍ കൂടി ലഭ്യമാകും.
രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി. ഉബൈദുല്ല എം.എല്‍.എ, വര്‍ക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല, പി. ഉസ്മാന്, ഹാരിസ് ആമിയന്‍, തറയില്‍ അബു, ഫെബിന് കളപ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു.