താനൂർ: ഫിഷിങ്ങ് ഹാർബറിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് 13.90 കോടി രൂപയുടെ വികസനം നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. മണ്ണ് തൂർക്കാൻ ഉള്ള ഭാഗങ്ങളിൽ മണ്ണ് തൂർത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഹാർബറിലേക്കുള്ള റോഡ് വികസനത്തിനായി 1.8 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ചുറ്റുമതിൽ, ലോറി പാർക്കിങ്, കാന്റീൻ, കിണർ, നെയ്ക്ക് കേന്ദ്രം, ശുചീകരണ പ്ലാന്റ്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾക്കായുളള എസ്റ്റിമേറ്റുകൾ തയ്യാറായിട്ടുണ്ട്.
നിലവിലെ ലേലപ്പുര നീട്ടി രണ്ട് ഭാഗത്തേക്കായി വാർപ്പ് ചെയ്യും. ചെറിയ വള്ളങ്ങൾക് വേണ്ടി പുതിയ ജെട്ടി നിർമിക്കും. കൂടുതൽ ലൈറ്റുകൾ വെച്ച് പിടിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. ഹാർബറിൽ ഗേറ്റ് വെച്ച് പുതിയ സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കും. കൂടുതൽ വരുന്ന മത്സ്യങ്ങളെ സൂക്ഷിക്കാൻ സഹകരണ ബാങ്കുകളുടെ സഹായത്തോടെ കോൾഡ് സ്റ്റോറേജ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.