തിരൂർ: ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ ഷംലക്കും ഫാത്തിമ ഷഹലക്കും ഒരുക്കിയ സ്നേഹവീടിൻ്റെ താക്കോൽദാനം പിതാവ് മുഹമ്മദ് കുട്ടിക്ക് താക്കോൽ നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി കുടുംബത്തിന് കൈമാറി. കോവിഡിൻ്റെയും പ്രകൃതിദുരന്തങ്ങളുടെയും പ്രതിസന്ധികളെ അതിജീവിച്ച് സഹജീവി സ്നേഹത്തിൻ്റെ മാതൃക തീർത്തിരിക്കുകയാണ് സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ്.
പിതാവ് വാഹനാപകടത്തിൽ പരുക്കേറ്റ ശേഷം പ്രയാസത്തിലായ ഈ പെൺകുട്ടികൾക്ക് തണലൊരുക്കാനുള്ള ഉദ്യമത്തിൽ പ്രദേശവാസികൾ വലിയപിന്തുണയും സഹായസഹകരണങ്ങളും നൽകി. മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹംസ മാസ്റ്ററുടെയും നിലവിലെ പ്രോഗ്രാം ഓഫീസർ ശോഭ ടീച്ചറുടെയും വാർഡ് മെമ്പർ ഒ. സൈതാലിയുടെയും നിസ്വാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി ജനപിന്തുണയോടെ എൻ എസ് എസ് വളണ്ടിയേഴ്സ് വലിയ സേവനമാണ് കാഴ്ചവെച്ചത്.
നിരവധി ദിവസങ്ങൾ ശ്രമദാനം നടത്തിയും ജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കിയും വീടിൻ്റെ നിർമാണം പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശംസിയ സുബൈർ, വാർഡ് മെമ്പർ നസീർ, ഏരിയാ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സമീർ, പിടിഎ പ്രസിഡന്റ് പ്രകാശൻ, റഫീഖ് മാസ്റ്റർ തലക്കടത്തൂർ, സീനിയർ അസിസ്റ്റൻറ് ശൈലജ, സ്റ്റാഫ് സെക്രട്ടറി ഡോ. മുഹമ്മദ് ഇസ്മായിൽ (എച്ച് എസ് എസ് ), എൻ എസ് എസ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. എൻ എസ് എസ് ലീഡർ ഫാത്തിമ റിൻസി എം നന്ദി പറഞ്ഞു.