മലപ്പുറം: ബാങ്കുകളിലും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം അറസ്‌റ്റില്‍. കൂട്ടിലങ്ങാടി സ്വദേശികളായ മുനീര്‍, മുഹമ്മദ് ഷമീം, കൊണ്ടോട്ടി സ്വദേശി യൂസഫ്, ഇവര്‍ക്ക് മുക്കുപണ്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന തൃശൂര്‍ സ്വദേശി മണികണ്‌ഠന്‍ ഉള്‍പ്പടെ നാല് പേരേയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം മലപ്പുറം മണപ്പുറം ബാങ്കില്‍ നിന്നും, സൂര്യാ ഫിനാന്‍സില്‍ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.
പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പണവും പോലീസ് കണ്ടെത്തി. സംഘത്തലവന്‍ മുനീര്‍ പത്തോളം കേസിലും, മണികണ്ഠന്‍ മുപ്പതോളം കേസിലും, യൂസഫ് മൂന്ന് കേസിലും നിലവില്‍ പ്രതികളാണ്. ജില്ലപൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എസ്‌ഐ മാരായ അമീറലി, ഗിരീഷ് എന്നിവരുടെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.