കോട്ടക്കല്‍: സ്കൂട്ടറില്‍ കശ്മീരിലേക്ക് യാത്ര തിരിച്ച യുവാക്കള്‍ പങ്കെടുത്തത് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നോമ്ബ് തുറകളില്‍. കോട്ടക്കല്‍ പുതുപ്പറമ്ബ് സ്വദേശി സ്വഫുവാനും സുഹൃത്ത് പാണക്കാട് സ്വദേശി മുആദുമാണ് റമദാനില്‍ വിവിധ സംസ്ഥാനങ്ങളിലെ നോമ്ബ് തുറകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. റമദാന്‍ ഒന്നിനാണ് ഇരുവരും കശ്മീര്‍ യാത്ര ആരംഭിക്കുന്നത്.

തുടര്‍ന്ന് പതിനാറ് ദിവസങ്ങളിലായി കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, കശ്മീര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്.റമദാനിലെ യാത്ര ഏറെ പ്രയാസകരമാണെന്നും കടുത്ത വേനലാണെന്നുമൊക്കെ പലരും പറഞ്ഞെങ്കിലും ഇരുവരും യാത്ര മുടക്കിയില്ല. ഓരോ സംസ്ഥാനത്തെയും ഗ്രാമങ്ങളില്‍ എത്തുമ്ബോള്‍ മലയാളിയാണെന്ന സ്നേഹവും പരിഗണനയുമാണ് ലഭിച്ചത്. നോമ്ബ് തുറയും അത്താഴവുമടക്കം എല്ലാം വേണ്ടപോലെ നല്‍കി. കൂടാതെ താമസിക്കാനുള്ള സൗകര്യവും ലഭിച്ചു-ഇരുവരും പറഞ്ഞു.

രാജ്യത്ത് മതസൗഹാര്‍ദവും സമാധാനവും ഉയര്‍ത്തി ജീവിക്കുക എന്ന ആശയമുയര്‍ത്തി 'റൈഡ് ഇന്‍ പീസ്' എന്ന പ്രമേയത്തിലായിരുന്നു മലപ്പുറത്ത് നിന്ന് യാത്ര ആരംഭിച്ചത്. 'ആള്‍ ഇന്ത്യ റൈഡേഴ്സ് ക്ലബ് വാട്സാപ്പ് കൂട്ടായ്മയും' യാത്രക്ക് സഹായം നല്‍കി.

Previous Post Next Post

Whatsapp news grup