പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. 

രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോ​ഗിക്കുന്നത് അലിയാർ ആണ്. അമ്പലത്തിൽ പോകാനാണ് എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.30ന്  കാർ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാർ പറഞ്ഞു. 

KL9 AQ 7901 എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാർ പറഞ്ഞു.

Previous Post Next Post

Whatsapp news grup