മലപ്പുറം: നിലമ്പൂർ കരുളായി പടുകവനമേഖലയില്‍ വംശനാശ ഭീഷണി പട്ടികയിലുള്ള അപൂര്‍വ ഇനം കുട്ടിത്തേവാങ്കിനെ കണ്ടെത്തി. രാത്രി പട്രോളിങ്ങിനിടെയാണ് ഇവന്‍ വനപാലകരുടെ കാമറ കണ്ണില്‍പ്പെട്ടത്. വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് കുട്ടിത്തേവാങ്ക്. രാത്രി കാലത്താണ് ഇവയുടെ സഞ്ചാരം. പകല്‍ ഇരുണ്ട പ്രദേശത്ത് ഒളിച്ച്‌ കഴിയും.

ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും കുട്ടിത്തേവാങ്കിന്‍റെ സവിശേഷതകളാണ്. രോമങ്ങള്‍ നിറഞ്ഞ ശരീരം പട്ടുപോലെയും ഏറക്കുറെ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചുനോക്കുന്ന ഉരുണ്ട മിഴികളും വെളുത്ത മുഖവും മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളില്‍ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവക്ക് വാലില്ല എന്നതും പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോ തൂക്കവുമുണ്ടാകും.

ഒറ്റക്കോ ഇരട്ടയോ ആയാണ് സഞ്ചാരം. മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളെയും ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച്‌ രണ്ടു കൈകള്‍ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് ഇവയുടെ പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനിഷ്ടം. 11 മുതല്‍ 13 വര്‍ഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ശ്രീലങ്കയിലും പശ്ചിമേഷ‍്യയിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കേരളത്തില്‍ അപൂര്‍വമാണ്.

Previous Post Next Post

Whatsapp news grup