ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. മരിച്ച മൂന്നു പേരിൽ രണ്ടു പേർ മലപ്പുറം ജില്ലയിൽ നിന്നും ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുമാണ്.രണ്ടാം പെരുന്നാൾ ദിനത്തിൽ മിസൈദിലാണ് അപകടമുണ്ടായത് ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
കീഴുപറമ്പ മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ.ഷമീം(35),പൊന്നാനി മാറഞ്ചേരി പുറങ് സ്വദേശി അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദ് അലിയുടെ മകൻ റസാഖ്(31), ആലപ്പുഴ സ്വദേശി സജിത് മങ്ങാട്ട് സുരേന്ദ്രൻ(37)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.
ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. സജിത്തിന്റെ ഭാര്യയും കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു.ഇവർ ചികിത്സയിലാണ്.