ഒരു വർഷത്തിനിടെ ഭൂജലവകുപ്പ് നിർമിച്ച് നൽകിയത് 45 കുഴൽ കിണറുകൾ
വേനൽക്കാലത്ത് ഉൾപ്പെടെ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലെ കുടുംബങ്ങൾക്ക് സൗജന്യമായി കുഴൽ കിണറുകൾ നിർമിച്ച് നൽകി ഭൂജല വകുപ്പ്. തിരൂരങ്ങാടി, മങ്കട എന്നിവിടങ്ങളിലെ 45 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഭൂജല വകുപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ കുഴൽക്കിണർ നിർമിച്ച് നൽകിയത്. 


ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്രയും കുഴൽകിണറുകൾ ഒരുക്കിയതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. അനിത നായർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഭൂജല വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ തന്നെയാണ് കുഴൽക്കിണർ നിർമാണത്തിനുള്ള സ്ഥാനനിർണ്ണയവും പ്രവൃത്തിയും നടത്തുന്നത്. തിരൂരങ്ങാടി നന്നമ്പ്ര പഞ്ചായത്തിലെ 30 കുടുംബങ്ങൾക്കും മങ്കടയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ 15 കുടുംബങ്ങൾക്കുമാണ് പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. 


സ്ഥാന നിർണ്ണയം, കുഴൽക്കിണർ നിർമാണം എന്നിവയോടൊപ്പം ജലലഭ്യത കുറഞ്ഞ കിണറുകളിൽ കൈപമ്പ് ഘടിപ്പിച്ച് ജലവിതരണം നടത്തുന്നതും കൈപമ്പ് പദ്ധതികളുടെ അറ്റകുറ്റപണി നടത്തുന്നതും ഭൂജല വകുപ്പാണ്. ജല ലഭ്യത കൂടുതലുള്ള കിണറുകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിനും നവീകരണ പ്രവൃത്തി നടത്തുന്നതിനും ഭൂജല വകുപ്പിന് പദ്ധതിയുണ്ട്.

Previous Post Next Post

Whatsapp news grup