കുന്നംകുളം: നഗരത്തിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. താനൂർ അട്ടത്തോട് താണിക്കടവൻ വീട്ടിൽ റഫീഖ് (ശിഹാബ്-32), മലപ്പുറം അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ വീട്ടിൽ നൗഫാൻ(27), തൃശ്ശൂർ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ് (20),   എന്നിവരെയാണ് എസ്.എച്ച്.ഒ. വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കാണിപ്പയ്യൂർ മാള ഫ്യൂവൽസ്, കുന്നംകുളം പട്ടാമ്പി റോഡിലുള്ള താവു ആൻഡ് കമ്പനി എന്നീ പെട്രോൾ പമ്പുകളിൽനിന്നാണ് മേയ് 23-ന് പുലർച്ചെ മോഷണം നടത്തിയത്.

കാണിപ്പയ്യൂരിലെ പമ്പിൽ മേശവലിപ്പിൽനിന്ന് പന്ത്രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടു. പട്ടാമ്പി റോഡിലെ പമ്പിന്റെ മൂന്ന് വാതിലുകളുടെ പൂട്ടുകൾ പൊളിച്ചാണ് അകത്തുകടന്നത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നു. കാണിപ്പയ്യൂർ പമ്പിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ പ്രതികൾ നശിപ്പിച്ചിരുന്നു. ഇതിൽനിന്ന് വീണ്ടെടുത്ത ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കുന്നംകുളത്തെ പമ്പിലെ ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. മോഷണത്തിൽനിന്ന് ലഭിക്കുന്ന തുക റിസോർട്ടുകളിൽ മുറിയെടുത്ത് ആർഭാടജീവിതം നയിക്കുന്നതിനും ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുമാണ് ചെലവഴിച്ചിരുന്നതെന്ന് പോലീസറഞ്ഞു.

പേരാമംഗലം, എറണാകുളം മുനമ്പം, ആലുവ വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ പന്ത്രണ്ട് കേസുകൾ പ്രതികളുടെ പേരിൽ നിലവിലുണ്ട്. ജയിൽശിക്ഷ കഴിഞ്ഞ് നാലുമാസം മുൻപാണ് ഇവർ പുറത്തിറങ്ങിയത്. തൃശ്ശൂരിലെ നിഴൽ പോലീസും കുന്നംകുളം പോലീസുമാണ് കേസ് അന്വേഷിച്ചിരുന്നത്. എസ്.ഐ.ഷക്കീർ അഹമ്മദ്, ഗോപിനാഥൻ, നിധിൻ, എ.എസ്.ഐ. സുമേഷ്, നിഴൽ പോലീസിലെ എസ്.ഐ. സുവ്രതകുമാർ, റാഫി, രാഗേഷ്, ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Previous Post Next Post

Whatsapp news grup