നിലമ്പൂർ: ആറുവയസുകാരിയുടെ വിരല്‍ വാഷ്‌ബേസിന്‍റെ സ്റ്റീല്‍ വേസ്റ്റ് കപ്ലിങ്ങില്‍ കുടുങ്ങിയത് എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിന്‍റെ സഹായത്താല്‍ രക്ഷപ്പെടുത്തി. ചാലിയാര്‍ പഞ്ചായത്തിലെ എരുമമുണ്ടയിലെ കണ്ടന്‍ചിറയില്‍ മുഹമ്മദ് റാഫിയുടെ ആറുവയസുള്ള മകളുടെ ചൂണ്ടുവിരലാണ് വീട്ടിലെ വാഷ്ബേസിന്‍റെ സ്റ്റീല്‍ വേസ്റ്റ് കപ്ലിങ്ങില്‍ കുടുങ്ങിയത്.
വീട്ടുകാര്‍ പൈപ്പ് പൊട്ടിച്ച് വാഷ് ബേസില്‍ നിന്ന് സ്റ്റീല്‍ കപ്ലിങ്ങ് അടര്‍ത്തിയെടുത്തശേഷം എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിനെ സമീപിക്കുകയായിരുന്നു. ഇആര്‍എഫ് പ്രവര്‍ത്തകര്‍ കുട്ടിയുടെ വിരല്‍ മരുന്നുപയോഗിച്ച് മരവിപ്പിച്ചശേഷം സ്റ്റീല്‍ കപ്ലിങ് മുറിച്ചുമാറ്റി. പിന്നീട് തുടര്‍ ചികിത്സക്കായി നിലന്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
ഇആര്‍എഫ്. അംഗങ്ങളായ ബിബിന്‍ പോള്‍, കെ.എം.അബ്ദുല്‍ മജീദ്, ഷംസുദ്ദീന്‍ കൊളക്കാടന്‍, ജിയോ പോള്‍, ഡെനി എബ്രഹാം, മുജീബ്, ലൗജ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.