താനൂര്‍: തീരദേശ പാത വഴി ആരംഭിച്ച പരപ്പനങ്ങാടി-പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വിസിന് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ താനൂര്‍ വാഴക്കത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയാണ് സര്‍വിസ് നടത്തുക. 

മന്ത്രി വി. അബ്ദുറഹിമാന്റെ ശ്രമഫലമായാണ് സര്‍വിസുകള്‍ ആരംഭിച്ചത്. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വിസുമായിരിക്കും തീരദേശം വഴി ഓടിക്കുക. 

താനൂര്‍ ജങ്ഷനിലും ബസ് സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശം വഴിയായിരിക്കും സര്‍വിസ്.പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വിസ്. 

പൊന്നാനി എം.ഇ.എസ് കോളജ്, മലയാളം സര്‍വകലാശാല, തിരൂര്‍ ടി.എം.ജി കോളജ് മുതലായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, രോഗികള്‍, ഓഫിസുകളുമായി ബന്ധപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ തുടങ്ങിയവര്ക്ക് ആശ്വാസമാകും.

Previous Post Next Post

Whatsapp news grup