പരപ്പനങ്ങാടി: പരപ്പനങ്ങാടി ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൈലിങ് നടപടികൾ ഉടൻ ആരംഭിക്കും. അങ്ങാടി-ചാപ്പപ്പടി ബീച്ചുകൾക്കിടയിൽ 600 മീറ്റർ ഭാഗത്താണ് ഹാർബറിന്റെ നിർമാണം നടക്കുന്നത്. പൈലിങ്ങിനുള്ള നാല് ബാർജുകളിൽ രണ്ടെണ്ണം തയ്യാറായി. വടക്കുഭാഗത്ത് ചെട്ടിപ്പടി അങ്ങാടി ബീച്ചിൽ 785 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. തെക്ക് ചാപ്പപ്പടി ഭാഗത്തെ 1,410 മീറ്ററിൽ 1,000 മീറ്ററിന്റെ പണി കഴിഞ്ഞു.


പൈലിങ് ആരംഭിക്കുന്നതോടെ ഹാർബറിന്റെ ബാക്കി പ്രവർത്തനങ്ങൾക്ക് വേഗമേറും. രണ്ട് പുലിമുട്ടുകളുടെയും വശങ്ങളിൽ 152 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരോ കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ലേലപ്പുര, മീൻകയറ്റാനുള്ള സൗകര്യം, ഭക്ഷണശാല, വിശ്രമമുറി, വലകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം, ശൗചാലയങ്ങൾ എന്നിവ ഇരുകെട്ടിടങ്ങളിലും ഉണ്ടാകും.


സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 113 കോടി രൂപയ്ക്കാണ് പ്രവൃത്തികൾ നടക്കുന്നത്. 2020 മാർച്ചിലാണ് നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികളിൽ പലരും മറ്റുള്ള ഹാർബറുകളെയാണ് മത്സ്യബന്ധനത്തിനായി ആശ്രയിക്കുന്നത്. ഹാർബർ സജ്ജമാവുന്നതോടെ ഇതൊഴിവാക്കാനാകും. അപകടങ്ങൾ കുറയ്ക്കാനും ബോട്ടുകൾ തകരുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

Previous Post Next Post

Whatsapp news grup