തിരൂരങ്ങാടി: നന്നമ്ബ്ര പഞ്ചായത്തിന്റെ കാര്‍ ആക്രി സാധനങ്ങളോടൊപ്പം ഗോഡൗണില്‍ കൂട്ടിയിട്ട നിലയിൽ. പുതിയ കാര്‍ വാങ്ങിയപ്പോള്‍ 2008ല്‍ വാങ്ങിയ ബൊലേറോ വാഹനമാണ് പഴയ സാധനങ്ങള്‍ക്കൊപ്പം കൊണ്ടിട്ടത്. മുന്‍ ഭരണസമിതിയുടെ കാലത്ത് പുതിയ വാഹനം വാങ്ങിയപ്പോള്‍ പഴയത് പി.എച്ച്.സിയുടെ ആവശ്യങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനിച്ചത്.
പഞ്ചായത്ത് വകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള കൈമാറ്റം നടക്കാതായതോടെ പഞ്ചായത്ത് പഴയ വാഹനം പി.എച്ച്.സി കോമ്ബൗണ്ടില്‍ കയറ്റിയിട്ടു. ഒന്നരവര്‍ഷത്തോളം ഉപയോഗിക്കാതെ പൊതുമുതല്‍ പൊടിപിടിച്ച് തുരുമ്ബെടുത്തത് ജനങ്ങള്‍ പ്രശ്നമാക്കിയതോടെയാണ് പഞ്ചായത്ത് ആരുമറിയാതെ എം.സി.എഫ് കോഡൗണില് എത്തിച്ച് മൂടിയിട്ടത്.
കൊടിഞ്ഞി പാലപാര്ക്കില് പഞ്ചായത്ത് വാടകക്കെടുത്ത എം.സി.എഫ് ഗോഡൗണിലാണ് ഇപ്പോള്‍ വാഹനം. ഹരിതകര്‍മ സേന പഴയ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് കൊണ്ടിട്ട് തരംതിരിക്കുന്ന കേന്ദ്രമാണിത്. വാഹനത്തിന് മുകളില്‍ പഴകിയ സാധനങ്ങള്‍ കുത്തിനിറച്ചിട്ടുണ്ട്. സമീപവാസി കണ്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. 2023 വരെ രജിസ്ട്രേഷനും 2022 മേയ് വരെ ഇന്‍ഷുറന്‍സുള്ള വാഹനമാണിത്. പഞ്ചായത്തില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പഴയ ഭരണസമിതിയെ പഴിചാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.