മഞ്ചേരി: നഗരസഭയിലെ മുഴുവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കുന്ന പരിശീലന പദ്ധതിക്ക് തുടക്കം. വേട്ടേക്കോട് പുല്ലഞ്ചേരിയുള്ള കുളത്തിലാണ് പരിശീലനം നല്‍കിയത്. നഗരസഭ ചെയര്പേഴ്സന് വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
ജില്ല ട്രോമാകെയര്‍ മഞ്ചേരി സ്റ്റേഷന് യൂനിറ്റ് പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പരിശീലനം. ആദ്യദിനം 100 പേര്‍ക്ക് പരിശീലനം നല്കി. രണ്ട് ബാച്ചായി തിരിച്ചാണ് പരിശീലനം. ആദ്യബാച്ച് രാവിലെ എട്ടുമുതല്‍ 10 വരെയും 10.30 മുതല്‍ 12.30 വരെ മറ്റൊരു ബാച്ചിനെയും പരിശീലിപ്പിച്ചു.
പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയന്റ് ലഭിക്കാന്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതോടെയും ജലാശയങ്ങളിലെ അപകടങ്ങള്‍ വര്‍ധിച്ചതോടെയുമാണ് നീന്തല്‍ പരിശീലനം നല്കാന് നഗരസഭ മുന്നിട്ടിറങ്ങിയത്. നഗരസഭ പരിധിയിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സജ്ജമാക്കിയ നീന്തല്‍ക്കുളങ്ങളില്‍ വനിത പരിശീലകരുടെയും പുരുഷ പരിശീലകരുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം.
പയ്യനാട്, മഞ്ചേരി, നറുകര വില്ലേജുകളിലായി തെരഞ്ഞെടുത്ത നാല് കുളങ്ങളിലാണ് പരിശീലനം നല്‍കുന്നത്. വരുന്ന ഞായറാഴ്ചകളിലും പരിശീലനം തുടരും.
ചടങ്ങില്‍ വൈസ് ചെയര്പേഴ്സന് അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.എം. നാസര്‍, സി. സക്കീന, ജസീനാബി അലി, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, സമീന ടീച്ചര്‍, വി.സി. മോഹനന്, പി. കുമാരി, ശ്രീവിദ്യ എടക്കണ്ടത്തില്‍, ട്രോമാകെയര്‍ സെക്രട്ടറി യാസര്‍ വള്ളുവമ്ബ്രം തുടങ്ങിയവര്‍ പങ്കെടുത്തു.