മലപ്പുറം: ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂര്‍വം' പൊതിച്ചോര്‍ വിതരണം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 100 ദിവസം പിന്നിട്ടു. മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നത്.ജനുവരി ഒന്നുമുതല്‍ 16,500-ല്‍പരം പേര്‍ക്ക് ഭക്ഷണം നല്‍കി.ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ 100-ാംദിവസ ഭക്ഷണ വിതരണം ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ് ഉദ്ഘാടനംചെയ്തു.
10 മേഖലാ കമ്മിറ്റികളുടെ കീഴിലെ 126 യൂണിറ്റ് നേതൃത്വത്തിലാണ് വിതരണം. ഊരകം, ഒതുക്കുങ്ങല്‍, മറ്റത്തൂര്‍, പൊന്മള, ചേങ്ങോട്ടൂര്‍, കോഡൂര്‍ ഈസ്റ്റ്, കോഡൂര്‍ വെസ്റ്റ്, മേല്‍മുറി, കോട്ടപ്പടി, കുന്നുമ്മല്‍ മേഖലക്കുകീഴിലെ യൂണിറ്റുകള്‍ രണ്ടാംവട്ട വിതരണം പൂര്‍ത്തിയാക്കി. ബ്ലോക്ക് സെക്രട്ടറി പി പി സൈഫുദ്ദീന്, ബ്ലോക്ക് കമ്മിറ്റി അംഗം സിബിയാന്‍, പദ്ധതി ബ്ലോക്ക് കണ്‍വീനര്‍ പി കെ വിബിഷ് എന്നിവര്‍ സംസാരിച്ചു.
