പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയ ഇയോണ്‍ കാര്‍, നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജത്തിന്റേതാണെന്ന് സ്ഥിരീകരണം. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇയോണ്‍, വാഗനര്‍ കാറുകളിലായാണ് കൊലയാളി സംഘമെത്തിയത്. സംഭവ ശേഷം സഞ്ജത്തിന്റെ ഇയോണ്‍ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം വാഗനറില്‍ രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു കുത്തിയതോട് സ്വദേശി സുബൈറും പിതാവ് അബൂബക്കറും. ഇതിനിടെയാണ് കാറിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും മറ്റൊരു കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി സുബൈറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട സുബൈര്‍. സുബൈറിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പിതാവിനു ബൈക്കില്‍നിന്നു വീണ് പരുക്കേറ്റിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post

Whatsapp news grup