കൊച്ചി: മുപ്പതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ റാംഷാദ്(22) അറസ്‌റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലീസാണ് മലപ്പുറം, കൊണ്ടോട്ടി, കൈതക്കപ്പറമ്ബില്‍ വീട്ടില്‍ റംഷാദിനെ പിടികൂടിയത്. വാഹന പരിശോധനയ്‌ക്കിടയില്‍ സംശയത്തെ തുടര്‍ന്ന് ഒരു ഓട്ടോറിക്ഷയുടെ നമ്ബര്‍ പരിശോധിച്ചതില്‍ നിന്നും ഇത് ഒരു ബൈക്കിന്റെ നമ്ബറാണെന്ന് കണ്ടെത്തി. ഓട്ടോ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു ചോദ്യം ചെയ്‌തതില്‍ നിന്നും നഗരത്തിലെ കുപ്രസിദ്ധ മോഷ്‌ടാവിനെ കുറിച്ച് ലഭിച്ച സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് സ്‌ഥിരമായി വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പ്രതിക്കായി പോലീസ് നോര്‍ത്ത് കേന്ദ്രീകരിച്ച് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. നോര്‍ത്തില്‍ എത്തിയ പ്രതി പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലാവുകയായിരുന്നു.
പിടിയിലായ പ്രതിയില്‍ നിന്നും ഒരു പെട്ടി ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. റംഷാദിനെതിരെ തിരൂരങ്ങാടി-6, മഞ്ചേരി-7, കൊണ്ടോട്ടി-4, വെള്ളായില്‍, മെഡിക്കല്‍ കോളേജ്, വടകര, മലപ്പുറം, വാഴക്കല്‍, പെരിന്തല്‍മണ്ണ എന്നീ സ്‌റ്റേഷന്‍ പരിധിയില്‍ മോഷണകുറ്റത്തിന് കേസുകള്‍ നിലവിലുണ്ട്. കൂടാതെ മഞ്ചേരി ജയിലില്‍ നിന്നും രണ്ടു പ്രാവശ്യം ജയില്‍ ചാടാന്‍ ശ്രമിച്ചതിനും കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
വിവിധ മോഷണകേസുകളിലെ തുടരന്വേഷണത്തിനായി പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുവാന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. വാഹനമോഷണ കേസുകള്‍ തെളിയിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു ചക്കിലത്തിന്റേയും കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസിന്റേയും നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ ജയകുമാര്‍, സെന്‍ട്രല്‍ സി.ഐ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന പ്രത്യേകസംഘത്തിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്‌റ്റ്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ പ്രേംകുമാര്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാരായ അഖില്‍, ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് തുടങ്ങിയവരും പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
